ഊതിക്കെടുത്തിയ
നേര്
തഴപ്പായില്‍
തല കുമ്പിട്ട്
പടിഞ്ഞിരുന്ന്
അകമെരിഞ്ഞ്
പാഠപുസ്തകത്തില്‍
ഭാവി തിരയുമ്പോള്‍
ഇരുട്ടു വീണ
കണ്ണിനൊരു കൂട്ട്
നാലു കാതം
നടന്നു ചെന്ന്
ഊഴം കാത്ത്
ക്യൂവില്‍ നിന്ന്
കറുത്ത കന്നാസില്‍
അളന്നു വാങ്ങുന്ന
നീലയെണ്ണയുടെ
നിനവ്
അഷ്ടിക്കു വകയുമായി
അന്തിനേരം
അമ്മ വന്ന്
അടുപ്പോട്
യുദ്ധം ചെയ്യുമ്പോള്‍
ആത്മാവിന് എണ്ണ പകര്‍ന്ന
കനിവ്
കണ്ടു മോഹിച്ച്
കരളില്‍ സൂക്ഷിച്ച്
കൊണ്ടു നടന്ന്
ഭാരമേറുമ്പോള്‍
പകര്‍ത്തിയെഴുതാന്‍
പകുത്തു തന്ന
ഹൃദയത്തിനുടമ
ടര്‍ബെയ്നില്‍ കറങ്ങി
കമ്പിയില്‍ തൂങ്ങി
വെള്ളി വെളിച്ചം
വിരുന്നു വന്നപ്പോള്‍
മുഖം കറുപ്പിച്ച്
മുറിയിറങ്ങിപ്പോയ
എണ്റ്റെ പ്രിയ തോഴന്‍
പൂജയ്ക്കെടുക്കാത്ത
ഒരു പൂവ്
4 comments:
“ടര്‍ബെയ്നില്‍ കറങ്ങി
കമ്പിയില്‍ തൂങ്ങി
വെള്ളി വെളിച്ചം
വിരുന്നു വന്നപ്പോള്‍
മുഖം കറുപ്പിച്ച്
മുറിയിറങ്ങിപ്പോയ
എണ്റ്റെ പ്രിയ തോഴന്‍!“
-വെള്ളിവെളിച്ചത്തെ നിറപറയും നിലവിളക്കുമായി ചെന്നെതിരേറ്റു കൂട്ടിക്കൊണ്ടു വന്നപ്പോള്‍ നാം, ഇരുളാര്‍ന്ന ചായിപ്പില്‍ നിര്‍ദ്ദയം തള്ളിയ മൂത്തകുടിക്കാരിയല്ലേ ഈ ചിമ്മിനി?
ആവശ്യങ്ങള്‍ക്കിന്നും മുറുമുറുപ്പുകൂടാതെ കൂടെ നില്‍ക്കുന്ന പ്രിയ കൂട്ടുകാരി?
"തഴപ്പായില്‍
തല കുമ്പിട്ട്
പടിഞ്ഞിരുന്ന്
അകമെരിഞ്ഞ്
പാഠപുസ്തകത്തില്‍
ഭാവി തിരയുമ്പോള്‍
ഇരുട്ടു വീണ
കണ്ണിനൊരു കൂട്ട്"
വായില്‍ വെള്ളിക്കരണ്ടിയുമായല്ലാതെ ജനിച്ചവര്‍ക്കൊക്കെയും ഭൂതകാലത്തിലേക്കു തുഴഞ്ഞുപോകാനൊരു കൊതുംബു വള്ളമാണീ കവിത.
ഇനിയുമിനിയും നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു.
നല്ല വരികള്‍... ഒത്തിരി ഇഷ്ടമായി
Post a Comment