Monday, December 17, 2007

മുടിത്തോറ്റം

മുറിച്ചു കളഞ്ഞു;
ചില ബന്ധങ്ങള്‍ പോലെ
എന്നിട്ടും
കാച്ച്യെണ്ണയുടെ മണം
അവിടെ തങ്ങി നിന്നു.

ജീവന്‍ പോകാത്ത
ഒരു തുളസിക്കതിര്‍
അപ്പോഴും
നെഞ്ചോടു ചേര്‍ന്നു കിടന്നു.

മുത്തശ്ശിയുടെ
വിറയാര്‍ന്ന വിരലുകള്‍
ഇഴകളിലൂടെ
ഓടി നടക്കുന്നതു പോലെ തോന്നി

വേദനിച്ചില്ല;
ജീവന്റെ തന്ത്രികള്‍
‍ആയിരങ്ങളായി മുറിച്ച്
മൂലയിലേക്കെറിഞ്ഞപ്പൊഴും.

അമ്പലത്തിന്റെ
ചുറ്റുമതിലിനോടു ചേര്‍ന്നു നിന്ന
ചെമ്പകത്തിലെ
വായ് നോക്കിപ്പൂവുകളെ
ഇപ്പോള്‍ കണ്ടാലും
ഗമ കാണിച്ചേനെ.

കണ്ണു നിറഞ്ഞതു പക്ഷേ,
കറങ്ങുന്ന കസേരയിലെ
പരിചയമില്ലാത്ത
രൂപം കണ്ടപ്പോള്‍.

തുടച്ചെടുക്കും,
ഇനി മുഖം പോലും..
പഴയതൊന്നും
അവശേഷിപ്പിക്കാതെ.


കണ്‍പീലികള്‍,
കവിള്‍ത്തടം, കരുണ,
കീഴ്ചുണ്ടുകള്‍, നഖമുന, നാണം...
എല്ലാം അളന്നു മുറിച്ച്

പുറം തിരിഞ്ഞു നോക്കുമ്പോള്‍
‍പടിഞ്ഞാറ്റയിലെ
കുഞ്ഞു കണ്ണാടിയില്‍
ഇപ്പോഴുമുണ്ട്,
മനു അണിയിച്ച
റോസാപ്പൂവിനൊപ്പം
നിതംബത്തോടു ചേര്‍ന്ന്
രാജ്ഞിയെപ്പോലെ....

ചവിട്ടി ഞെരിച്ച്
ആരോ പുറത്തേക്കു പോയി.

തൂത്തുവാരി
വെയ്സ്റ്റ് ബാഗിലാക്കിക്കഴിഞ്ഞിരുന്നു
അപ്പൊഴേക്കും;
ഒരോര്‍മ്മ
പൂര്‍ത്തിയാക്കാന്‍ പോലും
സമ്മതിക്കാതെ.

Wednesday, May 16, 2007

ഒരു സാമ്രാജ്യം അസ്തമിക്കുന്നു

അധികാര ഭ്രഷ്ടനായ രാജാവ്‌
വേഷപ്രച്ഛന്നനായി
തണ്റ്റെ രാജ്യം
സന്ദര്‍ശിക്കും പോലെ
വീണ്ടും ഞാനവളെ കണ്ടു മുട്ടുന്നു

ഭിന്നിച്ചു പോയ ഒരു ദ്വീപ്‌
മാതൃഖണ്ഡത്തോട്‌മുഖാമുഖം.

ഇടയില്‍ കടല്‍ നീല
തിരയില്‍ തീരാവ്യഥ

കണ്‍കളില്‍ ഭയത്തിണ്റ്റെ ഫണം,
കാതില്‍
ഉരുക്കിയൊഴിച്ച
ബാധിര്യത്തിന്‍ ഈയ്യക്കൂട്ട്‌

ചുറ്റിനില്‍ക്കുന്നൂ
കണങ്കാലിലായ്‌ വെള്ളിക്കെട്ടന്‍;
പിറന്നാള്‍ സമ്മാനം നീ-
അഴിച്ചോരടയാളം..

മുറിവാണല്ലോ
വിജയത്തിണ്റ്റെ
കൊടിപ്പടം
ഉള്ളിലെ ചെക്കിപ്പൂക്കള്‍
ഉടുപ്പില്‍ പുഷ്പ്പിക്കുന്നു

ഉദരം ഉദാരമായ്‌ സ്പന്ദിക്കുന്നു;
അടുത്ത കിരീടത്തിന്‍
ഉടയോന്‍

അറിയേണ്ടെന്നെ പക്ഷേ,
ഒരു പുഞ്ചിരിയാലീ
കയ്യിലെ ഭിക്ഷാപാത്രം
നിറയ്ക്കൂ പണ്ടേപ്പോലെ

നിലാവടരുന്നു
ഒരു സാമ്രാജ്യം അസ്തമിക്കുന്നു

Thursday, May 3, 2007

പിറന്നാള്‍ സമ്മാനം

കടിച്ചു കീറിലും
ശപിച്ചിടാത്ത നിന്‍
കരുണസാഗര-
ക്കുളിരില്‍ മുങ്ങവേ

അതില്‍ക്കവിഞ്ഞെന്തു-
പിറന്നാള്‍ സമ്മാനം
എനിക്കിനി മൃത്യു
കരം ഗ്രഹിക്കിലും

ചുവന്ന പൂവുകള്‍
വിരിഞ്ഞ തൂവാല
മുറിഞ്ഞ ചുണ്ടിനെ
മറച്ചു വെക്കുമ്പോള്‍

തപിച്ച നിന്നാത്മ-
ബലത്തില്‍ തീവെച്ച
കരുത്തുമായി ഞാന്‍
അഹങ്കരിച്ചുവോ

പിടഞ്ഞുവേ നെഞ്ചി-
ലൊരു കിളി? തൂവല്‍
കുടഞ്ഞുവോ, നീല
മിഴി നനഞ്ഞുവേ?

കടിച്ചുകീറുമീ-
വിശന്ന സ്നേഹത്തെ
വിരുന്നൂട്ടാന്‍ സ്വയം
ഇര ചമഞ്ഞുവോ

കഴുത്തറ്റം വരെ
അഴുക്കിലെങ്കിലും
വെറുക്കാനാകുമോ
സൌഗന്ധികത്തിനെ.

മദിച്ചൊഴുകുമീ-
ദിനങ്ങളില്‍ ആയു-
സ്സടര്‍ന്നു വീഴുമ്പോള്‍
പിണക്കമെന്തിന്‌..

വിശുദ്ധ സ്നേഹത്തിന്‍
ദ്യുതിയില്‍ ദുഷ്കാമ-
മെരിഞ്ഞു തീരട്ടെ
ദഹിക്കട്ടെ ഞാനും

അതിന്‍ മീതെ വന്നു
നിറഞ്ഞു പെയ്യുക
കിളിര്‍ത്തു പൊങ്ങട്ടെ
പ്രണയ ദര്‍ഭകള്‍....

Saturday, February 10, 2007

ജയിച്ചതാര്‌? തോറ്റതാര്‌?

നടവരമ്പില്‍
കണ്ടുമുട്ടുമ്പോള്‍
വഴിമാറിത്തരാത്ത
വാശിക്കാരി നീ

മുട്ടിയുരുമ്മി
കടന്നു പോകുമ്പോള്‍
ജയിച്ചതിണ്റ്റെ ഹുങ്ക്‌
നിനക്ക്‌;എനിക്കും.

കര്‍ക്കടകത്തോര്‍ച്ചയില്‍
പാടത്ത്‌
അച്ഛനില്ലാ നേരത്ത്‌
കാലിക്കോലെടുത്ത്‌
ഞാന്‍ വാല്യക്കാരനായപ്പോള്‍
വിരല്‍ത്തുമ്പില്‍
ചോര കിനിഞ്ഞിട്ടും
നാട്ടി വെച്ച്‌
നടുവൊടിച്ച്‌
നീയെന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു.

കുടുംകയം
നീന്തിക്കടന്നപ്പോള്‍
കടവില്‍ അഴിച്ചു വെച്ച
എണ്റ്റെ ഉടുമുണ്ടൊളിപ്പിച്ച്‌
അവിടെയും നീയെന്നെ
ജയിച്ചു കാണിച്ചു

കൊയ്ത്തിനെന്നെ
കാഴ്ചക്കാരനാക്കി.
പ്രണയത്തിണ്റ്റെ പൊന്‍-
പറനിറച്ചെണ്റ്റെ
കൊതിക്കൌമാരത്തിന്
‍വിശപ്പകറ്റി.

തളര്‍ന്നപ്പോഴൊക്കെ
തണലു തന്ന്‌
ജയിച്ചു കൊണ്ടേയിരുന്നു നീ.

ഒടുവില്‍
വിവാഹത്തലേന്ന്‌
വിടപറയും മുമ്പ്‌
വിവശനായി ഞാന്‍
തല കുനിക്കുമ്പോള്‍:
നിക്കുള്ളതൊക്കെയും
എടുക്കുകെന്നോതി
സ്വയം സമര്‍പ്പിച്ച്‌
ചിരിച്ച്‌
ജയത്തിന്‍ കിരീടം
എനിക്ക്‌
തിരികെ തന്നു നീ..

ജയിച്ചതാര്‌? തോറ്റതാര്‌?

Sunday, January 28, 2007

വീക്കെണ്റ്റ്‌

മലിനമാക്കപ്പെട്ട
മലയാളത്തില്‍ നിന്ന്‌
രക്ഷപ്പെട്ട
വെള്ളിയാഴ്ചത്തെ
എഫ്‌.എം. സിനിമാപ്പാട്ടു പോലെ
ഒറ്റയ്ക്കു നടന്നു

നയിഫ്‌ 1
ആയിരം വെറൈറ്റികളുമായി
ഗിന്നസ്‌ ബുക്കിലേക്ക്‌
കുതിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന
നോണ്‍ വെജ്‌ ബൊഫേ;
റോഡരികിലും
ഗല്ലികളിലും നിന്ന്‌
തുടുത്ത മാംസക്കഷണങ്ങള്‍ കാട്ടി
അടിവയറ്റില്‍ തീ കത്തിക്കുന്നു

ഹയാത്ത്‌ 2
മേഘങ്ങളില്‍ ചാരിവെച്ച
സ്വര്‍ഗത്തിലേക്കുള്ള ഗോവണി
സോനാപ്പൂരില്‍3 നിന്ന്‌ വീശുന്ന
കാറ്റുകൊണ്ട്‌
തുടച്ചു വെടിപ്പാക്കുന്നു

ഗോള്‍ഡ്‌ സൂക്കിലെ 4
പൂത്ത കണിക്കൊന്നക്കാട്ടിലിരുന്ന്‌
മേടം
കാലദേശാന്തരങ്ങളെ
വിവര്‍ത്തനം ചെയ്യുന്നു

ഒരു മിസ്‌ കോളിണ്റ്റെ
അങ്ങേയറ്റത്ത്‌
വിഷുപ്പക്ഷിയുടെ
വിരഹഗാനം

എന്നിട്ടും
അബ്ര 5 മുറിച്ചു കടക്കുക തന്നെ ചെയ്തു

ഇടത്തോട്ട്‌ തിരിഞ്ഞാല്‍ അമ്പലം;
വലത്ത്‌ നികുംഭില.

1.നയിഫ്‌: ദുബായിലെ ഒരു തെരുവ്‌
2. ഹയാത്ത്‌: പഞ്ചനക്ഷത്ര ഹോട്ടല്‍
3. സോനാപൂറ്‍: ദുബായിലെ ഏറ്റവും വലിയ ലേബര്‍ ക്യാമ്പ്‌
4. ഗോള്‍ഡ്‌ സൂക്ക്‌: ദുബായിലെ സ്വര്‍ണ്ണ മാര്‍ക്കറ്റ്‌
5. അബ്ര: ദേര ദുബായിയെയും ബറ്‍ ദുബായിയെയും ബന്ധിക്കുന്ന കൃത്രിമ ജലപാതയിലെ കടവ്‌

Wednesday, January 24, 2007

ഒരു കുടയും കൂട്ടുകാരിയുംഓരോ മഴക്കാലവും
കുടയില്ലാത്ത
ഒരു ബാല്യം ഓര്‍മ്മിപ്പിക്കുന്നു

കുടുക്ക്‌ പൊട്ടിയ
കുപ്പായത്തിനുള്ളില്
‍ചട്ടയില്ലാത്ത സ്ളേറ്റ്‌.

സ്ളേറ്റിണ്റ്റെ
കരിയിലക്കാവലില്‍
പാതി കീറിയ
പാഠപുസ്തകം

കുരുത്തംകെട്ട കാറ്റ്‌
ഹൃദയത്തിലേക്ക്‌ തുഴഞ്ഞടുത്ത
ആ വഞ്ചിക്കാരനെയും
നീലപ്പൂറം ചട്ടയില്‍
തലതാഴ്ത്തി നിന്ന
കല്‍പവൃക്ഷത്തേയും
എങ്ങോട്ടാണ്‌
തട്ടിക്കൊണ്ടു പോയത്‌..

പിണങ്ങിപ്പോയ
ഒന്നാം പാഠത്തെച്ചൊല്ലി
കണ്ണന്‍ മാഷിണ്റ്റെ
കണ്ണുരുട്ടലും ശാപവും:
ഒന്നില്‍ നന്നാകാത്തവന്‍
ഒന്നിലും നന്നാകില്ല

കളര്‍ ചോക്ക്‌
കിനാക്കണ്ടതിന്‌
കണക്കു മാഷിണ്റ്റെ
ചോക്കേറ്‌...

നാലാം പിരീഡിലെ
കോതമ്പുപ്പുമാവിണ്റ്റെ മണം

കാക്ക കൊത്തിയ
കാക്കി ട്രൌസറില്‍
സതീര്‍ത്ഥ്യണ്റ്റെ സാമര്‍ത്ഥ്യം

ഒഴുകിപ്പോകുന്നു
കലക്കവെള്ളത്തില്‍
ചെരുപ്പു പോലെണ്റ്റെ മനസ്സും..

ഓരോ മഴയും
കാരുണ്യത്തിണ്റ്റെ
കുട ചൂടിച്ച
ഒരു കുപ്പിവളക്കയ്യും
ഓര്‍മ്മിപ്പിക്കുന്നു

അവളുടെ കണ്ണീരാണീ മഴ;
വളര്‍ന്നപ്പോള്‍ ഞാന്‍ മറന്നു പോയ
എണ്റ്റെ കളിക്കൂട്ടുകാരിയുടെ!

Monday, January 22, 2007

നിന്നെക്കുറിച്ചെഴുതുമ്പോള്‍...

നിന്നെക്കുറിച്ചു ഞാനെന്തെഴുതുമ്പൊഴും
മിന്നല്‍പ്പിണര്‍ വന്നു നെഞ്ചില്‍ തൊടുന്നു
കാത്തു സൂക്ഷിച്ച കരുത്തിന്‍ മഷിച്ചില്ലു-
പാത്രം അറിയാതെ തട്ടിയുടയുന്നു

ഓലയിലാണികൊണ്ടെന്നപോല്‍ നീ വാക്കി-
ലഗ്നി നിറച്ചെണ്റ്റെ കരളു കീറുന്നു
കണ്ണില്‍ കരിയും പുകയും നിറച്ചെണ്റ്റെ
നെഞ്ചൂക്കു വേവുമടുപ്പിലൂതുന്നു

ക്ളാവു പിടിച്ച സ്നേഹത്തിന്‍ തളിക നീ
കണ്ണീരു കൊണ്ടു തുടച്ചു വെക്കുന്നു
കുത്തി നോവിച്ച വടുക്കളില്‍ പോലു-
മൊരിത്തിരി സ്നേഹം കരുതി വെക്കുന്നു

പെയ്തു നിറഞ്ഞ പരാതി വര്‍ഷങ്ങളില്‍
ആലിപ്പഴത്തിന്‍ കിനാവ്‌ തിരയുന്നു
കോപക്കൊടുങ്കാറ്റു കെട്ടഴിച്ചോടിവ-
ന്നോമല്‍ മുടിക്കുത്തുചുറ്റിപ്പിടിച്ചൊരാ-
ശാപദിനങ്ങള്‍ തന്‍ പാപമുരുകുന്നു

ഓമനേ, സ്നേഹമല്ലാന്ധ്യമാണെന്‍ ജീവ-
നെണ്ണ പകര്‍ന്നതീനാളുകളത്രയും
കുമ്പസാരക്കൂട്ടില്‍ നിന്‍ മുന്നിലൊക്കെയും
ഏറ്റുപറയുവാന്‍ കഴിയില്ലയെങ്കിലും

ഓര്‍മ്മകള്‍ കൊണ്ടുള്ളൊരീ ശരശയ്യയില്‍
പാതി പകുക്കാം മറ്റെന്തു ചെയ്യുവാന്‍

Sunday, January 21, 2007

ചിമ്മിനി* (മണ്ണെണ്ണ വിളക്ക്‌)

ഊതിക്കെടുത്തിയ
നേര്‌

തഴപ്പായില്‍
തല കുമ്പിട്ട്‌
പടിഞ്ഞിരുന്ന്‌
അകമെരിഞ്ഞ്‌
പാഠപുസ്തകത്തില്‍
ഭാവി തിരയുമ്പോള്‍
ഇരുട്ടു വീണ
കണ്ണിനൊരു കൂട്ട്‌

നാലു കാതം
നടന്നു ചെന്ന്‌
ഊഴം കാത്ത്‌
ക്യൂവില്‍ നിന്ന്‌
കറുത്ത കന്നാസില്‍
അളന്നു വാങ്ങുന്ന
നീലയെണ്ണയുടെ
നിനവ്‌

അഷ്ടിക്കു വകയുമായി
അന്തിനേരം
അമ്മ വന്ന്‌
അടുപ്പോട്‌
യുദ്ധം ചെയ്യുമ്പോള്‍
ആത്മാവിന്‌ എണ്ണ പകര്‍ന്ന
കനിവ്‌

കണ്ടു മോഹിച്ച്‌
കരളില്‍ സൂക്ഷിച്ച്‌
കൊണ്ടു നടന്ന്‌
ഭാരമേറുമ്പോള്‍
പകര്‍ത്തിയെഴുതാന്‍
പകുത്തു തന്ന
ഹൃദയത്തിനുടമ

ടര്‍ബെയ്നില്‍ കറങ്ങി
കമ്പിയില്‍ തൂങ്ങി
വെള്ളി വെളിച്ചം
വിരുന്നു വന്നപ്പോള്‍
മുഖം കറുപ്പിച്ച്‌
മുറിയിറങ്ങിപ്പോയ
എണ്റ്റെ പ്രിയ തോഴന്‍
പൂജയ്ക്കെടുക്കാത്ത
ഒരു പൂവ്‌

Wednesday, January 17, 2007

പ്രവാസം

കാലം കളഞ്ഞു കുലമാകെ മുടിച്ചു പാരം
മാതാവിനുള്ളിലെരി തീക്കനല്‍ നിറച്ചു വെച്ചും
കൂടൂം വെടിഞ്ഞു കരതേടിയലഞ്ഞൊടുക്കം
തീരത്തടിഞ്ഞിതു കീറിയ ചെരിപ്പു പോലെ.

മുന്നില്‍ മഹാനഗര സുവര്‍ണ്ണ ഹര്‍മ്യം
വിത്തപ്രതാപം നുരചിന്നിടുമര്‍ദ്ധരാത്രി.
നക്ഷത്ര ധാര്‍ഷ്ട്യ പ്രഭ ചവച്ചു തുപ്പും
എച്ചില്‍ പ്രകാശം അബ്ര* യിലാടിത്തിമിര്‍പ്പൂ

വേവും മനസ്സോര്‍മതന്‍ തീക്കല്ലടുപ്പില്‍
പാകം ചെയ്തു പൈദാഹമടക്കി നിര്‍ത്തി
കണ്ണൊന്നടയ്ക്കാന്‍ കറുകയിലഭയം തിരക്കേ
തീര്‍ക്കുന്നുവോ ശരശയ്യ ശനിഭൂതകാലം

ചുടും മുലപ്പാലമൃതും നുകര്‍ന്നു മന്ദം
താരാട്ടു പാട്ടിണ്റ്റെ മധുരത്തിലലിഞ്ഞു ദൂരെ
പാറിപ്പറക്കും ശലഭചാരുത നോക്കി നോക്കി
പിന്നിട്ട ബാല്യസ്മൃതി മുറിഞ്ഞ ഞരമ്പു പോലെ

പിന്നാലെ വന്നു കതിര്‍പോലെ കൌമാരകാലം
കണ്ണണ്റ്റെ കേളികള്‍ കരം വിട്ട ശരങ്ങളായി
എന്തെന്തു ശാപങ്ങളോടക്കെടുനീരുപോലെ
മൂര്‍ദ്ധാവില്‍ വീണു നില തെറ്റിയൊഴുക്കുമായി.

ശേഷം വിലക്കിയ കനികള്‍ മാത്രം ഭുജിച്ചു
പാനം ചെയ്തു മദയൌവന സുരോരസങ്ങള്‍
നേരം തെറ്റിയ നേരമൊരുനാള്‍ ഉമ്മറപ്പടികടക്കേ
കേട്ടില്ലാ ഗര്‍ജ്ജനം ചാരുകസേര ശൂന്യം

മുറ്റത്തെ ചെന്തെങ്ങു പിന്നെ കായ്ക്കാതെയായീ
അച്ഛണ്റ്റെ സ്വരമതിന്നും പ്രിയപ്പെട്ടതാകാം
സ്വച്ഛന്ദ മൃത്യു വരിച്ചതോ മൃതമനസ്സിനൊത്തു
നില്‍ക്കാതെ ദേഹമവനി വെടിഞ്ഞതാമോ

മീനക്കൊടും വെയില്‍ നീരൂറ്റിയ മനസ്സുമായി
പാടം പോലെ മൂത്തവള്‍ നിശ്ശബ്ദയായി
ബോധം തെളിഞ്ഞു ചുവടൊന്നു മുന്നോട്ടു വെക്കേ
ഘോരാന്ധകാരം, ചുടലശൂന്യത വഴി നീളെ നീളെ

കീറിപ്പറിഞ്ഞൊരു നൂല്‍ പൊട്ടിയ പട്ടമായി
വീണും പറന്നുമിരവോളമകം പുകഞ്ഞും
കാതോര്‍ക്കയാണു വിധി ജീവിതജരാനരയ്ക്കു
തീര്‍പ്പാക്കുന്നതു സുധയോ കാളകൂടക്കുറുക്കോ?

പനിക്കിടക്കയില്‍...

പനിക്കിടക്കയില്‍
പതഞ്ഞു പൊങ്ങുമ്പോള്‍
ചുരത്തി നീ സ്നേഹ-
സുധയെന്‍ ജീവനില്‍

അരച്ച മാലേയം
അടിമുടി പകര്‍-
ന്നടര്‍ന്നു വീണു പൂ-
ക്കടമ്പു പോലെ നീ

പതുക്കെ കണ്‍ചിമ്മി-
ച്ചിരിച്ചു താരക-
ളൊരായിരം എണ്റ്റെ
തളര്‍ന്ന നാഢിയില്‍

പറന്നു പൊങ്ങുമീ
ശരീരമെങ്ങോട്ടു
തുഴഞ്ഞു പോകുന്നു
കരിയില പോലെ

പകുതി ചിമ്മിയ
മിഴിയിലാടുന്നു
പടിയിറങ്ങുന്ന
പകലിന്‍ പാടലം

കടും നിറമണി-
ഞ്ഞിടയ്ക്കിടെ മാടി-
വിളിക്കുന്നൂ നാലു-
മണിപ്പൂക്കാടുകള്‍

അടഞ്ഞ ജാലക-
ച്ചതുരക്കള്ളിയില്‍
എഴുതി വെയ്ക്കുന്ന
മഴക്കവിതകള്‍
പകര്‍ത്തി വെക്കുവാ-
നശക്തമാം മനം
എടുത്തു സൂക്ഷിച്ചു
മിഴികളാലെ നീ..

തളിര്‍ത്ത കാഞ്ഞിര-
മരത്തില്‍ നിന്നില-
യടര്‍ത്തി, യെന്‍ വായി-
ലമര്‍ത്തി വെക്കുമ്പോള്‍
കദളിക്കൂമ്പില്‍ നി-
ന്നൊരിറ്റു തേനിണ്റ്റെ
മധുരമെന്ന പോല്‍
അറിയുന്നൂ നിന്നെ

പനിക്കിടക്കയില്‍
തിളച്ചു വേവുമ്പോള്‍
അടുത്തിരിപ്പു നീ
അകലെയെങ്കിലും..

പറയാതെ പോയ വാക്കുകള്‍

വിടപറയുകയാണിനി,യിതുപോലെ
തഴുകുകില്ലൊരു സന്ധ്യയും നമ്മളെ
വിടരുകില്ല പുലരി നമുക്കായി-
യുരുവിടില്ല ഗായത്രി തന്‍ സാന്ത്വനം

പ്രണയ സോപാനമോരോന്നിലും
നിണ്റ്റെ പദസരോജം വിടരില്ലിനിമുതല്‍
അരുമയോടെ ഞാന്‍ കാത്തിരിക്കാറുള്ള
കൊലുസ്സിനീണവും കേള്‍ക്കില്ലൊരിക്കിലും

തിരി തെളിയില്ല കല്‍വിളക്കില്‍,
കാവു- തീണ്ടിയെത്തില്ലൊരു കിളിപ്പൈതലും
കാട്ടു പാതയില്‍ പൂക്കില്ല മന്ദാര-
മലരുകള്‍ നിണ്റ്റെ അളകത്തിലണിയുവാന്‍

അധരമിനിമേല്‍ തുടിക്കില്ല, കറുകകള്‍
മഞ്ഞു തുള്ളിയെ മാറോടണയ്ക്കില്ല,
വിരലുകള്‍ നീട്ടിയെഴുതില്ല പൊടിമണല്‍-
ത്തരിയിലര്‍ത്ഥമില്ലാത്തതാം വാക്കുകള്‍

ഒരു തലോടല്‍ കൊതിച്ചു തൊട്ടാവാടി
സിര നിറച്ചു സ്നേഹം കാത്തു വെക്കില്ല
കരള്‍ മുറിഞ്ഞു പാടും മുളങ്കാട്ടിന്നു-
ചരണവരിശകളാകില്ല നീയിനി

ആറ്റുവക്കിലെ ഞാവല്‍പ്പഴച്ചില്ല-
ചൂണ്ടി വാശി തന്‍ വാളെടുക്കില്ല നീ
മുല്ലവള്ളിക്കു നീര്‍ കോരുവാനുള്ള
മണ്‍കുടത്തിനായ്‌ ശണ്ഠയും കൂടില്ല.

അരുവിയില്‍ വീണുടഞ്ഞ വളപ്പൊട്ടു
നിധി കണക്കെ ഹൃദയത്തില്‍ സൂക്ഷിക്കില്ല,
ശംഖുമാല കൊരുത്തു ചന്ദ്രക്കല-
ത്താലി തീര്‍ത്തു പൊതിഞ്ഞു വെക്കില്ലിനി..

നിദ്ര പിണങ്ങിപ്പോകുമ്പോള്‍....

നീ പിണങ്ങിപ്പോകുമ്പോള്‍ മാത്രം
അവള്‍,
കറുപ്പില്‍ വെളുത്ത പുള്ളികളുള്ള
പാവാടയും ബ്ളൌസുമണിഞ്ഞ്‌
തലയല്‍പം ചെരിച്ച്‌
കയ്യിലൊരു പാല്‍ക്കുപ്പിയുമായി
ഓര്‍മയുടെ പടവുകള്‍ കയറി
ഹൃദയത്തിണ്റ്റെ വാതിലില്‍ മുട്ടുന്നു.

തലപ്പന്തിണ്റ്റെ അടയാളവും
വിയര്‍പ്പും നിറഞ്ഞ
കുപ്പായം പോലും മാറ്റാതെ
പുസ്തകക്കെട്ടും ചോറ്റുപാത്രവും
അലമാരയിലെടുത്തു വെക്കാതെ
അമ്മ വിളമ്പു വെച്ച
കഞ്ഞിക്ക്‌ മുഖം കൊടുക്കാതെ
പുളിമരത്തിണ്റ്റെ നിഴല്‍
അന്തിവെയിലിനോട്‌ കിന്നാരം പറയുന്ന
വഴിയിലേക്ക്‌
ഞാനവള്‍ക്ക്‌ കൂട്ടു പോകുന്നു..

വെള്ളരിക്ക്‌ നനയ്ക്കുന്ന പെണ്ണുങ്ങള്‍
മുറുക്കിത്തുപ്പിപടിഞ്ഞാറ്‌ ചോപ്പിക്കുന്നു..
പാവലിണ്റ്റെ പൂക്കള്‍
നിണ്റ്റെ നക്ഷത്രക്കമ്മലുകളോട്‌
അസൂയ മൂത്ത്‌ ആത്മഹത്യ ചെയ്യുന്നു..

കൈത്തോട്ടില്‍ കളഞ്ഞുപോയ പാദസരം
പാറമടയ്ക്കുള്ളില്‍ നിന്ന്‌
കൈവെള്ളയ്ക്കുള്ളിലൊതുക്കി
ഞാനൊരിന്ദ്രജാലക്കാരനായപ്പോള്‍
കൈത്തണ്ടയില്‍ നുള്ളി
അവളെനിക്കൊരു സമ്മാനം തന്നു..

റേഷന്‍ കടയ്ക്കപ്പുറം
അച്യുതന്‍ മാഷിണ്റ്റെ വീട്ടുവേലിക്കല്‍
കാത്തു നില്‍ക്കുമ്പോള്‍
ചുവന്നു തുടുത്ത ഹൃദയം
ചെമ്പരത്തിയിലിരുന്ന്‌
എന്നെ കളിയാക്കുന്നു..

കിതച്ചോടി തിരിച്ചെത്തുമ്പോള്‍
അവളുടെ മൂക്കിന്‍ തുമ്പത്തെ
വിയര്‍പ്പു മുത്തിനോടെനിക്ക്‌
കൊതിക്കെറുവ്‌..

കവുങ്ങിന്‍ തോപ്പ്‌
മുറിച്ചു കടക്കുമ്പോള്‍
പതുങ്ങി വരുന്ന ഇരുട്ടിനെ ഭയപ്പെടുത്താന്‍
അവളെന്നോട്‌ ഉറക്കെ സംസാരിക്കുന്നു..

കൈത്തണ്ടയില്‍
തളര്‍ന്നുറങ്ങുന്ന ഭാര്യ
അവളുടെ സംസാരം കേട്ട്‌
ഉണരുമോ എന്ന്‌ ഞാന്‍ ഭയക്കുന്നു...
കാപ്പി മരങ്ങള്‍ പൂത്ത രാത്രിയിലേക്ക്‌
നിലാവിനൊപ്പം
ഞാനവളെ യാത്രയാക്കുന്നു..

നീ പിണങ്ങിപ്പോകുമ്പോള്‍ മാത്രം
അവള്‍ വിരുന്നുകാരിയാവുന്നു.