Wednesday, January 17, 2007

പറയാതെ പോയ വാക്കുകള്‍

വിടപറയുകയാണിനി,യിതുപോലെ
തഴുകുകില്ലൊരു സന്ധ്യയും നമ്മളെ
വിടരുകില്ല പുലരി നമുക്കായി-
യുരുവിടില്ല ഗായത്രി തന്‍ സാന്ത്വനം

പ്രണയ സോപാനമോരോന്നിലും
നിണ്റ്റെ പദസരോജം വിടരില്ലിനിമുതല്‍
അരുമയോടെ ഞാന്‍ കാത്തിരിക്കാറുള്ള
കൊലുസ്സിനീണവും കേള്‍ക്കില്ലൊരിക്കിലും

തിരി തെളിയില്ല കല്‍വിളക്കില്‍,
കാവു- തീണ്ടിയെത്തില്ലൊരു കിളിപ്പൈതലും
കാട്ടു പാതയില്‍ പൂക്കില്ല മന്ദാര-
മലരുകള്‍ നിണ്റ്റെ അളകത്തിലണിയുവാന്‍

അധരമിനിമേല്‍ തുടിക്കില്ല, കറുകകള്‍
മഞ്ഞു തുള്ളിയെ മാറോടണയ്ക്കില്ല,
വിരലുകള്‍ നീട്ടിയെഴുതില്ല പൊടിമണല്‍-
ത്തരിയിലര്‍ത്ഥമില്ലാത്തതാം വാക്കുകള്‍

ഒരു തലോടല്‍ കൊതിച്ചു തൊട്ടാവാടി
സിര നിറച്ചു സ്നേഹം കാത്തു വെക്കില്ല
കരള്‍ മുറിഞ്ഞു പാടും മുളങ്കാട്ടിന്നു-
ചരണവരിശകളാകില്ല നീയിനി

ആറ്റുവക്കിലെ ഞാവല്‍പ്പഴച്ചില്ല-
ചൂണ്ടി വാശി തന്‍ വാളെടുക്കില്ല നീ
മുല്ലവള്ളിക്കു നീര്‍ കോരുവാനുള്ള
മണ്‍കുടത്തിനായ്‌ ശണ്ഠയും കൂടില്ല.

അരുവിയില്‍ വീണുടഞ്ഞ വളപ്പൊട്ടു
നിധി കണക്കെ ഹൃദയത്തില്‍ സൂക്ഷിക്കില്ല,
ശംഖുമാല കൊരുത്തു ചന്ദ്രക്കല-
ത്താലി തീര്‍ത്തു പൊതിഞ്ഞു വെക്കില്ലിനി..

No comments: