Thursday, May 3, 2007

പിറന്നാള്‍ സമ്മാനം

കടിച്ചു കീറിലും
ശപിച്ചിടാത്ത നിന്‍
കരുണസാഗര-
ക്കുളിരില്‍ മുങ്ങവേ

അതില്‍ക്കവിഞ്ഞെന്തു-
പിറന്നാള്‍ സമ്മാനം
എനിക്കിനി മൃത്യു
കരം ഗ്രഹിക്കിലും

ചുവന്ന പൂവുകള്‍
വിരിഞ്ഞ തൂവാല
മുറിഞ്ഞ ചുണ്ടിനെ
മറച്ചു വെക്കുമ്പോള്‍

തപിച്ച നിന്നാത്മ-
ബലത്തില്‍ തീവെച്ച
കരുത്തുമായി ഞാന്‍
അഹങ്കരിച്ചുവോ

പിടഞ്ഞുവേ നെഞ്ചി-
ലൊരു കിളി? തൂവല്‍
കുടഞ്ഞുവോ, നീല
മിഴി നനഞ്ഞുവേ?

കടിച്ചുകീറുമീ-
വിശന്ന സ്നേഹത്തെ
വിരുന്നൂട്ടാന്‍ സ്വയം
ഇര ചമഞ്ഞുവോ

കഴുത്തറ്റം വരെ
അഴുക്കിലെങ്കിലും
വെറുക്കാനാകുമോ
സൌഗന്ധികത്തിനെ.

മദിച്ചൊഴുകുമീ-
ദിനങ്ങളില്‍ ആയു-
സ്സടര്‍ന്നു വീഴുമ്പോള്‍
പിണക്കമെന്തിന്‌..

വിശുദ്ധ സ്നേഹത്തിന്‍
ദ്യുതിയില്‍ ദുഷ്കാമ-
മെരിഞ്ഞു തീരട്ടെ
ദഹിക്കട്ടെ ഞാനും

അതിന്‍ മീതെ വന്നു
നിറഞ്ഞു പെയ്യുക
കിളിര്‍ത്തു പൊങ്ങട്ടെ
പ്രണയ ദര്‍ഭകള്‍....

2 comments:

തറവാടി said...

നല്ല കവിത ,

ജീവിതവും പ്രണയവും സ്നേഹമെല്ലാം വിവരിക്കുന്നവരികള്‍

(സുഹൃത്തെ , എന്തെ രന്ടുദിവസം മുമ്പെ എഴുതാത്തത്? :))

Areekkodan | അരീക്കോടന്‍ said...

Good Work Vinodjeee