Wednesday, November 28, 2012

മുഖാമുഖം

ഫെയ്സ് ബുക്കിലെ സര്‍ഗാത്മക കൂട്ടായ്മയായ വെട്ടത്തില്‍ ഒരു മുഖാമുഖത്തിന് അവസരം കിട്ടി..അതിലെ പ്രസക്തഭാഗങ്ങള്‍ എന്റെ പ്രിയ സ്നേഹിതര്‍ക്കായി പങ്കു വെക്കുന്നു...എന്റെ ജീവിതവും രാഷ്ട്രീയവും കാഴ്ചപാടും കവിതയും പ്രണയവും എല്ലാം ഉണ്ട് ഇതില്‍.. Imbichi Koya വിനോദ് നാട്ടില്‍ എവിടെയാണ് ..ഇപ്പോള്‍ എന്ത് ചെയ്യുന്നു? Vinod Kooveri കണ്ണൂര്‍ക്കാരന്‍ ആണ്...കിഴക്കന്‍ മലയോര ഗ്രാമം അയ തളിപ്പറമ്പ് കൂവേരിയില്‍... Haridas Velloor നമസ്കാരം.. താങ്കളിലെ അഹങ്കാരത്തെ എങ്ങിനെ വിലയിരുത്തുന്നു..? Vinod Kooveri ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ അല്പം കടുപ്പിച്ച് പറയാറുണ്ട്...അത് അഹംകാരം ആണോ എന്ന് എനിക്കറിയില്ല... "ഞാനെന്ന ഭാവമിഹ തോന്നയ്ക വേണമത് തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി തോന്നേണമേ"...എന്നാണ് അമ്മ വളരെ കുഞ്ഞിലേ പഠിപ്പിച്ചത്... Haridas Velloor ശരിയുടെ തോത് നിര്‍ണയിക്കുന്നത് എങ്ങിനെയാണ്..? അവിടെ അഹങ്കാരത്തിന് സ്ഥാനമുണ്ടോ..? Vinod Kooveri എന്റെ ബോധവും ഞാന്‍ മനസ്സിലാക്കിയ വസ്തുതയും തമ്മിലുള്ള പൊരുത്തം ആണ് എന്റെ സത്യം.. അടിയന്തിരാവസ്ഥ കാലത്തായിരുന്നു എന്റെ ജനനം...അച്ഛന്‍ ജയിലില്‍...5 മക്കളും അമ്മയും തനിച്ചായി..നാട്ടില്‍ മുഴുവന്‍ രാഷ്ട്രീയ എതിരാളികള്‍ ആയിരുന്നു...കൃഷി ആയിരുന്നു പ്രധാന വരുമാനം..പറമ്പില്‍ കായ്ച്ചു നില്‍ക്കുന്ന ആയിരക്കണക്കിനു കുരുമുളക് വള്ളികള്‍ വെട്ടി നശിപ്പിച്ചു...വീടിനു തീയിട്ടു...വീടിനുള്ളില്‍ കത്തി നശിക്കാത്ത അരകല്ല്, ഉരല്‍ തുടങ്ങിയ സാധനങ്ങള്‍ വലിച്ചു കിണറ്റിലിട്ടു..അമ്മ മക്കളെയും കൊണ്ട് അമ്മയുടെ നാട്ടിലേക്കു പലായനം ചെയ്തു...അവിടെയും കടുത്ത ദാരിദ്ര്യം ആയിരുന്നു...അവസാനം അമ്മയുടെ ചേച്ചിയുടെ നിര്‍ദേശ പ്രകാരം അമ്മയുടെ വയറ്റിലെ എന്നെ നശിപ്പിക്കാന്‍ തീരുമാനിച്ചു...പച്ചമരുന്നുപ്രയോഗം നടത്തുന്ന നാട്ടു പേറ്റിചിയെ അതിനു ഏര്‍പ്പാടാക്കി...കുറച്ചു നെല്ലും അതിനു വേണ്ടി കരുതി വെച്ചു...നിറ കണ്ണുകളോടെ പേറ്റിചിയെ കാത്തിരുന്ന അമ്മയുടെ മുന്നിലേക്ക്‌ ഒരു അത്ഭുതം പോലെ ജയില്‍ മോചിതനായി അച്ഛന്‍ കടന്നു വന്നു...അങ്ങനെ എന്റെ ജീവന്‍ തിരച്ചു കിട്ടി....ഇതാണ് എന്റെ ജീവിത കഥ...തുടര്‍ന്നും പീഡനങ്ങളും അപമാനവും ഒരുപാടു സഹിച്ചു...അന്ന് എല്ലാ കമ്യൂണിസ്റ്റു കാര്‍ക്കും ഇത്തരം അനുഭവം തന്നെയായിരുന്നു...ഇതിലും അധികം സഹിച്ചവര്‍ ഒരുപാട്....അത് കൊണ്ട് തന്നെ അല്പം തീവ്രമായി മാത്രമേ എനിക്ക് പ്രതികരിക്കാന്‍ ഇപ്പോഴും കഴിയുന്നുള്ളൂ...ഇതിനെ അഹംകാരം ആയി തെറ്റിദ്ധരിക്കരുത്... B Lalitha Ambika അവഗണനകളെ പരിഗണനകള്‍ കൊണ്ട് നേരിടണം..വിനോദ് ...അതാണ്‌ ഏറ്റവും വലിയ ആയുധം... Vinod Kooveri വ്യക്തി പരമായ അവഗണന എന്നെ ബാധിക്കുന്നെയില്ല ടീച്ചര്‍...പരിഗണന ഞാന്‍ ആഗ്രഹിക്കുന്നും ഇല്ല...നീതി നിഷേധം ആണ് എന്നെ പ്രകൊപിതനാക്കുന്നത്....ഒരു തെരുവ് പട്ടിക്ക് പോലും ആരെങ്കിലും നീതി നിഷേധിക്കുമ്പോള്‍ ഞാന്‍ വല്ലാതെ തിളച്ചു മറിയും...മനുവിന്റെ ഭാഷയില്‍ ഇമോഷണല്‍ ആകും... Honey Bhaskaran കടുപ്പിച്ചു കാര്യങ്ങള്‍ പറയുന്നത് കൊണ്ട് ശത്രുക്കള്‍ ഉണ്ടോ? Vinod Kooveri ശത്രുക്കള്‍ ഏറെയൊന്നും ഇല്ല..ഹണീ..ആശയപരമായി എതിര്‍ പക്ഷത് നില്‍ക്കുന്നവര്‍ ആയിരുന്നു വളരെ ചെറുപ്പം മുതലേ എന്റെ സുഹൃത്തുക്കള്‍... Manu Raj നുണയല്ലേ ഈ പറഞ്ഞത്-?? Vinod Kooveri ഏതാണ് നുണ മനു? Manu Raj : ശത്രുക്കളില്ലാ എന്ന്- പെട്ടന്ന് ഇമോഷണലാകുന്ന നിങ്ങൾക്ക് ശത്രുക്കളില്ലാന്ന്- പറഞ്ഞാൽ വിശ്വസിക്കില്ല... സത്യം Vinod Kooveri ശത്രുക്കള്‍ കുറവാണ് എന്നാണ് പറഞ്ഞത്..മനു. ആരോടും ശത്രുത ഇല്ലാത്ത ഒരു നിഷ്കാമ കര്മിയൊന്നും അല്ല ഞാന്‍....ചൂഷകരോടും അതിനു സ്തുതി പാടുന്നവരോടും എനിക്ക് സൌഹൃദം കുറവാണ് മനൂ... Biju Palakkad വിനോദ് ......ഫോട്ടോ കാണുമ്പോള്‍ നല്ല സൌന്ദര്യം ട്ടോ .. Vinod Kooveri നേരില്‍ കാണാന്‍ ഇതിലും സുന്ദരന്‍ ആണ് ബിജൂ...ഹ..ഹ. Imbichi Koya ഇന്ന് നൂറു കണക്കിന് കൂട്ടായ്മകള്‍ ഫേസ് ബൂക്കിലുണ്ട്..കുറയെക്കെ കൂട്ടായ്മകളില്‍ കൂവേരിയുടെ എഴുത്തുകളും കാണാറുണ്ട്‌..ആ പരിചയം വെച്ച് നമ്മുടെ ഈ വെട്ടത്തെ എങ്ങിനെ കാണുന്നു.. Vinod Kooveri വെട്ടത്തെ ഞാന്‍ ഖരീം സഹിബിലൂടെ ആണ് കാണാന്‍ തുടങ്ങിയത്...പല തവണ ഞാന്‍ അദ്ധേഹത്തെ അക്രമിച്ചിട്ടുണ്ട്...എല്ലായ്പോഴും അദ്ദേഹം തപസ്സമാനമായ ഒരു മിതത്വം പാലിച്ചു...വളരെ അപൂര്‍വമായി മാത്രം പൊട്ടിത്തെറിച്ചു...അപ്പോഴെല്ലാം മനസ്സിന്റെ ഉള്ളില്‍ ഇത്തിരി സ്നേഹം ബാക്കി വെച്ചു...കൊയജിയെപോലെ സ്നേഹത്തിന്റെ പുഴകള്‍ വേറെയും ഇവിടേയ്ക്ക് ഒഴുകി വന്നു....അങ്ങനെ ഇമ്മിണി ബല്യ ഒരു കൂട്ടായ്മയി വെട്ടം...പേരറിയാത്ത മറ്റു പലരുടെയും മനസ്സ് കൂടി ഈ വെട്ടത്തിന് പിന്നില്‍ ഉണ്ട് എന്ന് ആദരവോടെ ഓര്‍ക്കുന്നു... Soman Karivellur എന്റെ പെരരിയില്ലേ ? Vinod Kooveri ശത്രുക്കളുടെ പേരാണ് ഞാന്‍ കൂടുതല്‍ ഓര്‍ക്കുക സോമേട്ടാ....ഹ..ഹ.. Ansar Vellakudy അപ്പൊ എന്റെം പേരില്ലേ Vinod Kooveri നിങ്ങളൊക്കെ വെട്ടത്തിന്റെ “മൊയലളി”മാരാണ് എന്ന് ഞാന്‍ ഇപ്പോഴല്ലേ അറിയുന്നത്... Imbichi Koya കൂവേരി ഒരു ഇടതുപക്ഷ ചിന്താഗതിയുള്ള ആളാണ്‌ എന്ന് അറിയാം..കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിയുടെ ഇന്നത്തെ പോക്കില്‍ സന്തുഷ്ടനാണോ? Vinod Kooveri ബഹുജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്യൂണിസ്റ്റു പാര്‍ടി അതിന്റെ ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി എടുക്കുന്ന തീരുമാനങ്ങളില്‍ ശരി തെറ്റുകള്‍ ഉണ്ടാവും...ചര്‍ച്ചയിലൂടെ അത് തിരുത്തുകയും മുന്നോട്ടു പോകുകയും ചെയ്യുക എന്നതാണ് അതിന്റെ രീതി...വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ അല്ല കമ്യൂണിസ്റ്റുകാരെ മുന്നോട്ടു നയിക്കുന്നത്... Moinudheen Chekkinankandy സാധാരണ കണ്ടു വരുന്നത് പോലെ ഒരു പാര്‍ട്ടി അംഗം എന്ത് തെറ്റ് ചെയ്താലും ഒരേ പാര്‍ട്ടി എന്ന നിലയില്‍ അതിനെ സപ്പോര്‍ട്ട് ചെയ്യാറുണ്ടോ കൂവേരി? Vinod Kooveri തികച്ചും തെറ്റായ ഒരു കാഴ്ചപ്പാടാണ് അത്...അങ്ങനെ ആയിരുന്നെങ്കില്‍ ഗോപി കോട്ട മുറിക്കലും പി.ശശിയും എല്ലാം ഇപ്പോഴും പാര്‍ട്ടിയില്‍ ഉണ്ടായേനെ...കണ്ണടച്ച് ഇരുട്ടാക്കരുത് മോയിനുധീനെ Venu Kalavoor എന്താണു് സാമൂഹിക പ്രതിബദ്ധത? Vinod Kooveri മായ കാഴ്ചകളില്‍ അകപ്പെടുത്തി, ലോണ്‍ തന്ന് മുതലാളിത്തം അതിന്റെ എല്ലാ ഉല്പന്നങ്ങളും നമുക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നു....ഭരണകൂടം അതിനു എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നു...മണ്ണില്‍ പണിയെടുക്കുന്നവരും കര്‍ഷകരും വ്യവസായ തൊഴിലാളികളും എല്ലാം ആത്മഹത്യാ ചെയ്യുന്നു...മറ്റുള്ളവര്‍ കടക്കാരെ പേടിച്ചു മരിച്ചു ജീവിക്കുന്നു...ഒരു ന്യൂനപക്ഷം മാത്രം ഈ ലാഭം മുഴുവന്‍ കുന്നു കൂട്ടി മദിച്ചു ജീവിക്കുന്നു...ഈ അസമത്വതിനെതിരെയുള്ള പോരാട്ടം ആണ് എന്റെ കാഴ്ചപാടില്‍ സാമൂഹ്യ പ്രതിബദ്ധത...അത് മറ്റു പലര്‍ക്കും മറ്റു പലതും ആവാം.. Nikhil C Parassini താങ്കള്‍ ഒരു കണ്ണൂര് കാരനാണല്ലോ.... പാര്‍ടി ഗ്രാമങ്ങള്‍ ഉണ്ടോ ? ഉണ്ടെങ്കില്‍ ഒന്ന് വിലയിരുത്താമോ ? കണ്ണൂര്‍ എങ്ങനെയാണ് ഇങ്ങനെ ചോന്നത്.... Vinod Kooveri ജനനം മുതല്‍ മരണം വരെ പാര്‍ടി പ്രവര്‍ത്തകര്‍ ജനങ്ങളുടെ എല്ലാ സുഖ ദുഖങ്ങളിലും പങ്കാളി ആവുന്നു...അവരെല്ലാം ഒരു കൊടിക്ക് കീഴില് അണി ചേരുന്നു...ആ ഗ്രാമത്തിന്റെ നന്മയിലേക്കും സഹോദര്യതിലെക്കും ചിലര്‍ വിഷ വിത്തുകള്‍ എറിയാന്‍ കടന്നു വരുമ്പോള്‍ പ്രതിരോധിക്കാറും ഉണ്ട്...മനോരമ പറയുന്നത് പോലെ ഒന്നുമല്ല ഇവിടെ കാര്യങ്ങള്‍..... Nikhil C Parassini പ്രണയം ഒരു സത്യമാണ് ...കൂവേരിയുടെ പ്രണയത്തെ കുറിച്ച് ? പ്രണയം സഫലീകരിക്കണമെങ്കില്‍ താലി ചരടില്‍ കോര്‍ത്ത്‌ മരണാവസാനം വരെ ജീവിക്കണം എന്ന നിയമമുണ്ടോ? Vinod Kooveri കൌമാരം ആയിരുന്നു എന്റെ പ്രണയത്തിന്റെ കൊയ്ത്തു കാലം....അന്നാണ് കവിതകള്‍ എഴുതി തുടങ്ങിയത്....കുടുംബം സമൂഹത്തിന്റെ അടിത്തറ ആണ് എന്ന കാര്യം ഒരിക്കിലും വിസ്മരിക്കരുത്....പ്രണയത്തിന്റെ അതിര്‍ വരമ്പുകള്‍ അവനവന് നിശ്ചയിക്കാം... Anil Kumar മാറിയ സാഹചര്യത്തില്‍ കമ്മ്യൂണിസം ഏതു രീതിയില്‍ വേണം? Vinod Kooveri കമ്യൂണിസത്തെ എങ്ങനെ നവീകരിക്കണം എന്നത് അതത് കാലത്തേ സമൂഹം ആണ് തീരുമാനിക്കേണ്ടത്...കൂടുതല്‍ പറയാന്‍ ഞാന്‍ ഒരു കമൂനിസ്റ്റു സൈദ്ധാന്തികന്‍ അല്ല... Ilyas Raindrops സാമൂഹിക പ്രതിബദ്ധത നിര്‍വ്വഹിക്കുന്നതില്‍ ഇപ്പോഴത്തെ യുവ തലമുറ അല്‍പ്പം പിരകോട്ടാണെന്ന് പറഞ്ഞാല്‍ ., അല്ലെങ്കില്‍ അവര്‍ക്ക്‌ മാനുഷിക മൂല്യം കുറവാണെന്ന് പറഞ്ഞാല്‍... ? Vinod Kooveri സമൂഹത്തിന്റെ മൊത്തം മാറ്റം യുവാക്കളെയും ബാധിച്ചിട്ടുണ്ട്....അവര്‍ക്ക് മാനുഷിക മൂല്യം കുറവാണ് എന്ന അഭിപ്രായം എനിക്കില്ല...പ്രശ്നങ്ങളോടുള്ള അവരുടെ പ്രതികരണം പഴയത് പോലെ തീവ്രം അല്ല എന്നു തോന്നുന്നു... Ilyas Raindrops ആധുനിക കാലത്തെ "വിവര സാങ്കേതിക വിദ്യ " യുവക്കളെ നല്ലതിനെക്കാള്‍ മോശമായി ബാധിച്ചിരിക്കുന്നു ? Vinod Kooveri കാലത്തിന്റെ ഒഴുക്കിനെ ആര്‍ക്കും പിടിച്ചു നിര്‍ത്താന്‍ ആവില്ല ഇല്യാസ്‌....ഇവിടെ മാറ്റം ഒഴികെ എല്ലാം മാറിക്കൊണ്ടിരിക്കുന്നു....യുവാക്കളെ അത് പ്രതികൂലമായി ബാധിച്ചു എന്ന് പറയുന്നതില്‍ കഴമ്പുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല... Ilyas Raindrops കാലം മാറുമ്പോള്‍ എല്ലാവരും പുരോഗതിയിലാവും , മനുഷ്യന് ബുദ്ധിയും വിവേകവും ഉണ്ടാവും.. കാലം മാറുമ്പോള്‍ കോലം മാറും , പക്ഷെ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ മാത്രം കാണുന്ന ഈ അക്രമവും ,കൊല്ലും കുലയും ഈ കാലത്തിന്റെ കുത്തൊഴുക്കില്‍ പോവെണ്ടതല്ലേ .. പിന്നെ എന്ത് സംഭവിച്ചു ഇപ്പോള്‍... എന്തിനാ ഈ ജനദ്രോഹ സമ്പ്രദായം ഇന്നും നിലനില്‍ക്കുന്നു നമ്മുടെ ഈ കൊച്ചു കേരളത്തില്‍... Vinod Kooveri നല്ലതിലേക്ക് മാത്രം ലോകം പുരഗമിക്കും എന്നത് ഒരു തെറ്റായ കാഴ്ചപ്പാടാണ്...ചരിത്രത്തിന്റെ ഗതി പലപ്പോഴും പിറകോട്ടും ആയിരുന്നു എന്ന കാര്യം വിസ്മരിക്കരുത്... Sadeesh J. Manchady നമസ്കാരം വിനോദ്, നല്ല കവിതകളും, ലേഖനങ്ങളും കാഴ്ച വെയ്ക്കുന്ന അങ്ങയെ ഒരിക്കല്‍ പോലും ഒരു കംമെന്‍സ്സിലും മിതത്വം കൈവിട്ടില്ല ,എപ്പോഴും അന്തര്‍ മുഖനായി മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു, അതിന്റെ ഏറ്റവും നല്ല ഉദാഹരണം താങ്ങള്‍ തന്നെ എഴുതി ഖരീം സാഹിബിനെ പറ്റി. ഈ സ്വഭാവ രൂപികരണത്തിന് അങ്ങയെ സ്വാധീനിച്ച ഘടകം ഒന്ന് വിശദീകരിക്കാമോ? Vinod Kooveri സതീഷ്‌..ഈ നല്ല വാക്കുകള്‍ക്ക് ഞാന്‍ അര്‍ഹനാണോ എന്നറിയില്ല...മനുഷ്യന്‍ എന്നും എനിക്ക് ഒരു അത്ഭുത പ്രതിഭാസം ആണ്...ഇപ്പോഴും ഞാന്‍ അവരെ നിരീക്ഷിച്ചു കൊണ്ടേയിരിക്കുന്നു...വളരെ രസകരം ആണത്...ഈ നിരീക്ഷണവും പിന്നെ വായന തരുന്ന ആത്മബലവും ആണ് ജീവിതം നേരിടാന്‍ ഉള്ള എന്റെ ആയുധം....അമ്മയാണ് എന്റെ ഗുരു..അമ്മയുടെ സ്വാധീനവും ഉണ്ടാവാം... Manoj Gopalakrishnan തീവ്രമായ രാഷ്ട്രീയ ബോധം താങ്കള്‍ക്ക് വ്യക്തിപരമായി ഗുണം ചെയ്തിട്ടുണ്ടോ? Vinod Kooveri തീര്‍ച്ചയായും എന്റെ സ്വഭാവ രൂപീകരണത്തില്‍ പാര്‍ടി വളരെയേറെ പങ്കു വഹിച്ചിട്ടുണ്ട്....നാട്ടില്‍ എത്തിയാല്‍ ഇന്നും എന്റെ സുഹൃത്തുക്കള്‍ അത്ഭുതം കൂറും "ബിയര്‍" കുടിക്കാത്ത ഒരു മനുഷ്യനോ എന്ന്....പലപ്പോഴും ഒറ്റപ്പെടാനും പരിഹാസ പത്രമാകാനും ഈ "ദുര്‍ഗുണം" എനിക്ക് തന്നത് പാര്‍ടിയാണ്... Sudheer Raj അടിയന്തരാവസ്ഥയുടെ വികാരങ്ങള്‍ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടോ ...മതവും ആത്മീയതയും തമ്മിലുള്ള ബന്ധം എന്താണ്? Vinod Kooveri ഞാന്‍ ഒരു എഴുത്തുകാരന്‍ ഒന്നുമല്ല സുധീര്‍..അധികമൊന്നും എഴുതിയിട്ടും ഇല്ല..ചില പ്രണയ കവിതകള്‍...അതും കൌമാരത്തില്‍...പിന്നെ മതവും ആത്മീയതയും...ശ്രീ..ശ്രീ രവിശങ്കര്‍ പറഞ്ഞ ഒരു കാര്യം ആണ് ഓര്മ വരുന്നത്....മതം ഒരു പഴത്തിന്റെ പുറം തൊലി യാണെങ്കില്‍ ആത്മീയത അതിന്റെ ഉള്ളിലെ കാമ്പാണ്‌..വളരെ ശരിയായി തോന്നി എനിക്ക്... Subodh Cherthala എന്തിനാണ് ഇത്രയും രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തിനാണ് ഇത്രയും ദൈവങ്ങള്‍ . താങ്കള്‍ക് എന്ത് തോന്നുന്നു . Vinod Kooveri ഒരു ജനാധിപത്യ രാജ്യത്ത്‌ എത്ര രാഷ്ട്രീയ പാര്‍ടികള്‍ ഉണ്ടായാലും നമുക്ക്‌ കുറ്റം പറയാന്‍ ആവില്ല...പിന്നെ ദൈവങ്ങള്‍...........മനുഷ്യന്റെ അറിവില്ലായ്മയില്‍ നിന്നും ഭയത്തില്‍ നിന്നും ആണ് ആദ്യകാലങ്ങളില്‍ ദൈവ സങ്കല്‍പം ഉണ്ടായതു...പിന്നീട് മേലാളര്‍ കീഴാളരെ അടക്കി ഭരിക്കാന്‍ അത് ഉപകരണം ആക്കി...ഭാരതീയ ദര്‍ശനങ്ങളില്‍ ബുദ്ധം, ജൈനം, ചാര്‍വാകം, സംഖ്യം, ന്യായം വൈശേഷികം തുടങ്ങി ഏറിയ കൂറും നിരീശ്വര വാദമാണ്.... Sudheer Raj വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും എത്ര മാത്രം സ്വാധീനിച്ചിട്ടുണ്ട് ..ഹിന്ദു എന്ന പദം അനുശാസിക്കുന്നത് എന്താണ്? Vinod Kooveri ആളുകള്‍ ഭയക്കുന്നു..ബഹുമാനിക്കുന്നു, വേദോപനിഷതുക്കളെഎന്താണ് അതില്‍ ഉള്ളത് എന്ന് ആരും അന്വേഷിക്കുന്നെയില്ല....പ്രാകൃത ആര്യന്മാരുടെ പച്ചയായ ജീവിതം ആണ് വേദങ്ങള്‍....ഭയവും മദ്യപാനവും ലൈംഗികതയും അക്രമ വാസനയും എല്ലാം ഉണ്ട് അതില്‍....ഉപനിഷത്തുക്കള്‍ കുറെ കൂടി സൂക്ഷമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു....ഈ വിഷയത്തില്‍ പണ്ഡിതന്‍ ആണല്ലോ സുധീര്‍...ഇവയൊന്നും എന്നെ സ്വാധീനിച്ചു എന്ന് എനിക്ക് തോന്നിയിട്ടില്ല...ഇതിലെ കാര്യങ്ങള്‍ പഠിക്കേണ്ടത് തന്നെയാണ്..ഒളിപ്പിച്ചു വെച്ച പല സത്യങ്ങളും അപ്പോള്‍ പുറത്തു വരും...പുരാണങ്ങള്‍ വെറും കേട്ട് കഥകള്‍...രാജാക്കന്മാരുടെ ശമ്പളം വാങ്ങി അവരെ ന്യായീകരിക്കാനും വെള്ള പൂശാനും എഴുതി വെച്ചവ...ഇത് എന്റെ അഭിപ്രായമാണ്...മറുപക്ഷവും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു... Imbichi Koya കൂവേരിക്ക് ഇഷ്ടപ്പെട്ട ഇവിടെയുള്ള കവി .? Vinod Kooveri ഇഷ്ടകവികള്‍ ഒരുപാടുണ്ട് കൊയജീ...എന്നാലും സുധീര്‍ എന്നെ കൊതിപ്പിക്കുന്ന കവിതയുടെ കൈക്കരുത്തുള്ള ശില്പി...ഒറ്റയാന്‍.. Inchakkad Balachandran വെട്ടത്തിലെ മുഖാമുഖം പരിപാടി ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നു. വ്യക്തികളെ ആഴത്തില്‍ മനസ്സിലാക്കാന്‍ ഉപകരിക്കുന്നു വിനോദിന്റെ ചില രചനകള്‍ വായിച്ചിട്ടുണ്ട് എന്നല്ലാതെ കൂടുതല്‍ എനിക്കറിയില്ലായിരുന്നു.ഇന്ന് തീവ്രമായ ദുരന്താനുഭാവങ്ങളുടെ ചരിത്രമുള്ള വ്യക്തി ക്തിയെന്നു തിരിച്ചറിഞ്ഞു. താങ്കളുടെ കാഴ്ചപ്പാടുകളെയും മനസ്സിലാക്കാനായി. ജീവിതത്തെ വ്യക്തതയില്‍ മുന്നോട്ടുകൊണ്ടുപോകുന്ന ഇശ്ചാ ശക്തിയെ ബഹുമാനിക്കുന്നു.ഇഷ്ടം പറഞ്ഞു നിര്‍ത്തുന്നു ഒരു ചോദ്യവുമില്ല. Vinod Kooveri എനിക്ക് വ്യക്തിപരമായി ദുരനുഭവങ്ങള്‍ കുറവാണ് ബാലേട്ടാ...എന്റെ കുടുംബവും ആ കാലത്തെ കമ്യൂണിസ്റ്റുകാരും അനുഭവിച്ച ദുരന്തങ്ങള്‍ ആണ് ഏറെയും....മനസ്സിലെ എക്കാലത്തെയും മുറിവും ഊര്‍ജവും അത് തന്നെ.... Mini S Adoor പൊരുതി നേടാനായി എന്തെങ്കിലും അവശേഷിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടോ ? ഉണ്ടെങ്കില്‍ എന്താണത് ? Vinod Kooveri : പോരാട്ടം എന്നോട് തന്നെ....മിനി....പിന്നെയുംപിന്നയും ബാക്കിയാവുന്ന ഈ അഹന്തയോട്.... Mini S Adoor ഒരു പക്ഷെ വിപ്ലവകാരി എന്ന് വിനോദ് പറഞ്ഞേക്കാവുന്ന മുത്തപ്പനെ ആരാധിക്കുന്ന ഈ നാട്ടില്‍ പിണറായിയും ജയരാജന്മാരും ഒക്കെ ഇനി അവതാര രൂപങ്ങള്‍ ആയെന്നു വരുമോ? Vinod Kooveri മിനിയുടെ ചോദ്യത്തിലെ പരിഹാസം എനിക്ക് മനസ്സിലായി...എന്നാലും ഉത്തരം പറയാം...ഒരു സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരാണ് അവര്‍...തെറ്റ് കുറ്റങ്ങള്‍ കണ്ടേക്കാം...എന്നാലും പാര്‍ടിക്കും സമൂഹത്തിനും വേണ്ടി അവര്‍ നടത്തിയ പോരാട്ടങ്ങളെ, ത്യാഗത്തെ പൂര്‍ണമായും തമസ്കരിക്കുന്നത് ശരിയല്ല....കണ്ണൂരിലെ ഭൂരിഭാഗം ആള്‍ക്കാരും ഇപ്പോഴും ഇവരെ സ്നേഹിക്കുന്നു... Mini S Adoor കയ്യൂര്‍ സമരത്തില്‍ തൂക്കുകയറിനു മുന്നില്‍ നിറുത്തി പോലീസ് ചോദ്യം ചെയ്യുമ്പോല്‍ സഖാക്കള്‍ മടത്തില്‍ അപ്പുവും ചിരുകണ്ടനും കുഞ്ഞമ്പുനായരും അബൂബക്കറും പറഞ്ഞു- നിങ്ങള്‍ ഞങ്ങളില്‍ ആരോപിക്കുന്ന കാര്യം ഞങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അത് ഞങ്ങളുടെ പോരാട്ടമാണ്. അത് തെറ്റല്ല. എന്നാല്‍ ഇന്നത്തെ നേതാക്കന്മാരോ??? Vinod Kooveri കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാന്‍ മിനിയെപ്പോലുള്ളവര്‍ വിമുഖത കാണിക്കുന്നു...പഴയ രീതിയില്‍ ഉള്ള കടന്നാക്രമണങ്ങള്‍ അല്ല ഇന്ന് പാര്‍ട്ടി അഭിമുഖീകരിക്കുന്നത്... Mini S Adoor മനസ്സിലായില്ല ..വിശദീകരിക്കാമോ Vinod Kooveri ടി.പി.യുടെ കൊലപാതകം ആണ് മിനിയുടെ ചോദ്യത്തിലെ വിവക്ഷ എന്ന് മനസ്സിലായി...കേരളത്തിലെ വലതു മാധ്യമങ്ങളും എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളും അതി വിപ്ലവകാരികളും എല്ലാം പറയുന്നത് തന്നെ മിനിയും ആവര്‍ത്തിക്കുന്നു....സത്യം പുറത്തു വരുന്നത് വരെ കാത്തിരിക്കൂ...ചെയ്യാത്ത കുറ്റം ഏറ്റെടുത്ത്‌ കമ്യൂണിസ്റ്റ്‌കാര്‍ ആണ് ഞങ്ങള്‍ എന്ന് ഉറക്കെ പറയാന്‍ കഴിയില്ലല്ലോ... Mini S Adoor ടി പി യുടെ വധം ആയിരുന്നില്ല എന്റെ വിഷയം.. ///കേരളത്തിലെ വലതു മാധ്യമങ്ങളും എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളും അതി വിപ്ലവകാരികളും .../// ഇതില്‍ ഏതു ഗണത്തിലാണ് എന്നെ ഉള്‍പ്പെടുത്തിയത് ? വിരല്‍ ചൂണ്ടുന്നവരെല്ലാം ഇതിലേതെങ്കിലും ഗണത്തില്‍ ഉള്പ്പെടുമെന്നാണോ ? അത് യാഥാര്‍ത്യങ്ങള്‍ക്ക് നേരെയുള്ള കൊഞ്ഞനം കുത്തല്‍ അല്ലെ ? Vinod Kooveri തെളിച്ചു പറയൂ..എന്താണ് മിനിയുടെ ആക്ഷേപം....?ഞാന്‍ പറഞ്ഞു കഴിഞ്ഞു, ബഹുജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌, അതിന്റെ നേതാക്കള്‍ക്ക് തെറ്റ് പറ്റിയേക്കാം..അത് തിരുത്തി മുന്നോട്ടു പോകുക എന്നതാണ് പാര്‍ടി രീതി...പഴയകലതും ഇതൊക്കെ ഇങ്ങനെ തന്നെയായിരുന്നു... S.m. Shafi Kottoor ചോദ്യം ഒന്ന് മാത്രം ...സുഖമല്ലേ ...? Vinod Kooveri എനിക്കും എന്റെ ദുഖങ്ങള്‍ക്കും സുഖം.... Radhakrishnan Vezhapra അഹങ്കാരം എന്ന വാക്ക് ഇവിടെ പലപ്പോഴും ഉപയോഗിച്ച് കണ്ടു; സത്യത്തെ തേടുന്ന ഒരുവന് അഹങ്കരിക്കാന്‍ ആകുമോ? Vinod Kooveri സത്യത്തെ തേടുന്ന ഒരാളില്‍ അഹങ്കാരം കണ്ടേക്കാം...സത്യത്തില്‍ എത്തുമ്പോഴേക്കും അത് തേനേ കൊഴിഞ്ഞു പോകും...എപ്പോള്‍ അവിടെ എത്തും എന്നതാണ് പ്രശനം... Shoukath Kadangode കേരളം അന്ധവിസ്വസങ്ങളുടെയു ആള്‍ ദൈവങ്ങളുടെയും വളക്കൂറുള്ള മണ്ണായി മാറുകയാണോ ? ഇടതു പക്ഷത്തിന്റെ ആശയാടിത്ത നഷ്ടപെട്ടത് ഇതിന്റെ കാരണ ണങ്ങളില്‍ ഒന്നായി വിലയിരുത്താമോ ? Vinod Kooveri തീര്‍ച്ചയായും...ശ്രീ നാരായണ ഗുരു തുടങ്ങി വെച്ച നവോത്ഥാന പ്രസ്ഥാനം ഏറ്റെടുത്തു മുന്നോട്ടു കൊണ്ട് പോകുന്നതില്‍ ഇടതുപക്ഷം കാണിച്ച വിമുഖത ഇത്തരം ആള്‍ ദൈവങ്ങള്‍ക്കും അന്ധവിസ്വസങ്ങള്‍ക്കും വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്... Jinu Thottumkal ദുബായില്‍ എത്ര വര്‍ഷമായി ജോലി ചെയ്യുന്നു? പ്രവാസ ജീവിതത്തെ എങ്ങനെ നോക്കി കാണുന്നു? പ്രവാസികളാണ് കേരളത്തിലെ പരിസ്ഥിതി നശിപ്പിക്കുന്നത് എന്ന് പറയുന്നതില്‍ എന്തെങ്കിലും പ്രസക്തി ഉണ്ടോ? Vinod Kooveri :ഗള്‍ഫില്‍ നിന്നുള്ള പണത്തിന്റെ ഒഴുക്ക് കേരളത്തിന്റെ സംസകാരത്തെ തന്നെ ബാധിച്ചിട്ടുണ്ട് എന്നത് നേരാണ്....അല്പമൊരു പൊങ്ങച്ചവും ധാരാളിത്തവും അത് വഴി നമുടെ സ്വഭാവത്തിലേക്ക് കടന്നു കൂടിയിട്ടുണ്ട്...ഇത് പരിസ്ഥിതിയെ ബാധിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിഞ്ഞു കൂടാ...എട്ടു വര്‍ഷത്തോളം ആയി ഞാന്‍ ഗള്‍ഫില്‍ വന്നിട്ട്... Ansar Vellakudy സ്ത്രീകള്‍ക്ക് പൊതു മേഖലകളില്‍ ശോഭിക്കാന്‍ ഒരു സംവരണത്തിന്റെ ആവശ്യമുണ്ടോ ? അവര്‍ക്ക് സംവരണ ബില്‍ പാസാക്കുന്നതിനെ കുറിച്ച് വിനോദിന്റെ അഭിപ്രായം എന്താണ് ? Vinod Kooveri സ്വന്തം കഴിവുകളില്‍ കൂടി തന്നെ സ്ത്രീകള്‍ ഉയര്‍ന്നു വരണം എന്നാണ് എന്റെ വ്യക്തി പരമായ അഭിപ്രായം...അതിനു അവസരം ലഭിക്കാന്‍ ആണ് സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്...അത് പലപ്പോഴും ഗുണത്തേക്കാള്‍ ദോഷം ആണ് എന്നാണ് നമ്മുടെ അനുഭവം..ഇപ്പോഴത്തെ ആദിവാസി ക്ഷേമ മത്രിയെപ്പോലെ.... Sudheer Raj ജാതിയും മതവും പ്രാദേശികതയും പണ്ടത്തേക്കാള്‍ കൂടുതല്‍ ആണോ കുറവാണോ ..അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുക .. Vinod Kooveri കുറഞ്ഞു എന്ന് പറയാന്‍ ആവില്ല...രൂപം മാറുകയാണ് ചെയ്തത്....ഗുരുവിന്റെ കാലഘട്ടത്തില്‍ നവോതനത്തിന്റെ ഭാഗമായി ഇവയെല്ലാം അല്പം പിറകോട്ടു പോയി എന്നല്ലാതെ വേറെ ഒരു മാറ്റവും ഇല്ല... Prasanth Nair വിനോദ നമസ്കാരം... ആരാണ് ജീവിതത്തിലെ റോള് മോഡല്‍? Vinod Kooveri പ്രശാന്ത്‌...അമ്മയാണ് എന്റെ ഗുരു...എല്ലാം... Imbichi Koya Vinod Kooveri..കൂവേരി....മുഖാമുഖം പരിപാടിയില്‍ സഹകരിച്ചതിന് ഒത്തിരി നന്നിയുണ്ട്.. Vinod Kooveri കൊയാജീ...ഈ അവസരം തന്നതിന് സ്നേഹവും കടപ്പാടും ഹൃദയത്തില്‍ സൂക്ഷിക്കുന്നു...

Thursday, December 23, 2010

കണ്ണേ മടങ്ങുക..(ഒരു ചൊല്‍ക്കവിത)

Monday, August 23, 2010

പട്ടടയില്‍...

പിടയുമോര്‍മ്മയില്‍
പിന്നെയും വന്നെന്റെ
പിഴകളെന്നെ
ചിതയിലേറ്റുന്നു

നഗര ചത്വരം
നരക നീരിന്റെ
സ്ഫടിക പാത്രം
നിറച്ചു വെക്കുന്നു

പ്രണയ സ്മരണയില്‍
കാളകൂടത്തിന്റെ
കരിനിഴല്‍ തിള-
ച്ചാവിയാകുന്നു

വരിക മരണമേ
അമ്മതന്‍ കണ്ണീര്‍
മഴ നനഞ്ഞു
നീ കെട്ടുപോകാതെ

'ചെക്കു'കള്‍ ചതി-
പ്പൂട്ടുമായെന്റെ
സ്വപ്ന സിംഹാസനം
തകര്‍ത്തല്ലോ

സ്വത്വ ബോധം
സ്വപത്നിയുമെല്ലാം
കൌരവര്‍ക്കു
പണയമയല്ലോ

ഗണിത സൂത്ര-
പ്പടപ്പാളയങ്ങളില്‍
വാണിഭച്ചിരി-
ചാപം കുലച്ചും

ദുരയുമാര്തിയും
ദുര്ന്നിമിത്തങ്ങളും
ശതശരം ശയ്യ
നീട്ടി വിരിച്ചും

പട്ടടയ്ക്ക് തീ-
വെക്കുന്നു കാലം
പത്തി താഴ്ത്തി-
ക്കിടക്കുന്നു ഞാനും

Tuesday, June 16, 2009

ജാരന്‍

പെയ്തിറങ്ങുന്നൂ പുതു-
മഴയെന്‍ ഗ്രീഷ്മത്തിന്റ്റെ
നഗ്ന മേനിയെ നഖ-
മുനയാല്‍ ഉണര്‍ത്തുന്നു

മണ്ണിന്റെ മണം, മദി-
ച്ചൊഴുകും മോഹത്തിന്റെ
ചളിവെളളച്ചാലുകള്‍
ഒഴുകിപ്പടരുന്നു

കന്നിന്റെ കുടമണി-
ക്കിലുക്കം, വയ്ക്കോല്‍ക്കൂനയ്-
ക്കരികില്‍ കുണുങ്ങുന്ന
മുരിക്കിന്‍ നാണം; ശോണം.

അറിയാതെഴുന്നേറ്റു
നടന്നു മനസ്സിന്റെ
യുല്‍ക്കട ദാഹം വീണ-
ക്കമ്പികള്‍ മുറുക്കവെ

വിറച്ചൂ കയ്കള്‍, ബെല്ലില്‍
വിരല്‍ ചേര്‍ക്കുമ്പോള്‍ വാതില്‍
തുറക്കേ വിളര്‍ത്തൊരെന്‍
മുഖം നീ കണ്ടില്ലല്ലോ

തൊട്ടിലാടുന്നു, ചാരെ
നില്പു നീ മനസ്സാക്ഷി-
ക്കുത്തുമായ് കാമത്തിന്റെ
ഹുക്കു ഞാനഴിക്കുന്നു

മഴ പെയ്തിറങ്ങുന്നു
വെയിലില്‍‌ പാപത്തിന്റെ
യുഷ്ണസര്‍പ്പങ്ങള്‍
വിഷപ്പല്ലുകളമര്‍ത്തുന്നു

ജാലകം തുറക്കാതെ
ഫാനിന്റെ വേഗം കൂട്ടി
ജാതകവശാല്‍ ജാരന്‍
പിടിക്കപ്പെട്ടെങ്കിലോ?

അടുങ്ങിക്കിടന്നു നീ
ഞരമ്പില്‍ തീപ്പൂക്കളും
തിരതല്ലിയാര്‍ക്കുന്ന
വ്യധയും മോഹങ്ങളും

വിശ്വാസരാഹിത്യത്തിന്‍
വിശ്രുത ദ്ര്‍ഷ്ടാന്തങ്ങള്‍
എണ്ണിയെണ്ണി, നിന്നഴല്‍
അഴിക്കാന്‍ ശ്രമിച്ചു ഞാന്‍

വേലിയേറ്റങ്ങള്‍, ചുടു-
നിശ്വാസപ്പെരുക്കങ്ങള്‍
കവിളില്‍ അന്തിച്ചോപ്പിന്‍
ചെമ്പകപ്പൂമൊട്ടുകള്‍

തിരക്കാണെല്ലാവര്‍ക്കും
സമയമറിയിക്കാന്‍
മുഴക്കും സയ് റണ്‍ കാതില്‍
ഇരുമ്പ് പഴുപ്പിക്കേ

പിടഞ്ഞു മാറുന്നു നീ
മുറിഞ്ഞ മനസ്സുമായ്
പടിയിറങ്ങുന്നു ഞാന്‍
പതിയെ മാര്‍ജാരന്‍ പോല്‍

വഴി തെറ്റി ഞാന്‍ ഏതോ
വഴിയില്‍ കുടുങ്ങിപ്പോയ്
വഴി കാണിക്കാന്‍ ആരു
വരുമീ ത്രിസന്ധ്യയില്‍

അരുതായ്മകള്‍ കൊണ്ടെന്‍
അകമേ വിറയ്ക്കുമ്പോള്‍
ആരെയോ ഭയന്നെന്റെ
ആത്മാവു തളരുമ്പോള്‍

പ്രിയ സ്നേഹിതന്‍ വന്നു
ചുമലില്‍ പിടിക്കുന്നു
കണ്‍കളില്‍ രണ്ടാം ഷിഫ്റ്റിന്‍
കരിയും പുകയുമായ്

വിടില്ല, നിനക്കെന്റെ
വീടു കാണണ്ടെ? ഒരു
കടുംകാപ്പിയാവാലോ
കണ്ടിട്ടു നാളെത്രയായ്..

Tuesday, August 5, 2008

നിദ്ര പിണങ്ങിപ്പോകുമ്പോള്‍....

നീ പിണങ്ങിപ്പോകുമ്പോള്‍ മാത്രം
അവള്‍,
കറുപ്പില്‍ വെളുത്ത പുള്ളികളുള്ള
പാവാടയും ബ്ളൌസുമണിഞ്ഞ്‌
തലയല്‍പം ചെരിച്ച്‌
കയ്യിലൊരു പാല്‍ക്കുപ്പിയുമായി
ഓര്‍മയുടെ പടവുകള്‍ കയറി
ഹൃദയത്തിണ്റ്റെ വാതിലില്‍ മുട്ടുന്നു.

തലപ്പന്തിണ്റ്റെ അടയാളവും
വിയര്‍പ്പും നിറഞ്ഞ
കുപ്പായം പോലും മാറ്റാതെ
പുസ്തകക്കെട്ടും ചോറ്റുപാത്രവും
അലമാരയിലെടുത്തു വെക്കാതെ
അമ്മ വിളമ്പു വെച്ച
കഞ്ഞിക്ക്‌ മുഖം കൊടുക്കാതെ
പുളിമരത്തിണ്റ്റെ നിഴല്‍
അന്തിവെയിലിനോട്‌ കിന്നാരം പറയുന്ന
വഴിയിലേക്ക്‌
ഞാനവള്‍ക്ക്‌ കൂട്ടു പോകുന്നു..

വെള്ളരിക്ക്‌ നനയ്ക്കുന്ന പെണ്ണുങ്ങള്‍
മുറുക്കിത്തുപ്പിപടിഞ്ഞാറ്‌ ചോപ്പിക്കുന്നു..
പാവലിണ്റ്റെ പൂക്കള്‍
നിണ്റ്റെ നക്ഷത്രക്കമ്മലുകളോട്‌
അസൂയ മൂത്ത്‌ ആത്മഹത്യ ചെയ്യുന്നു..

കൈത്തോട്ടില്‍ കളഞ്ഞുപോയ പാദസരം
പാറമടയ്ക്കുള്ളില്‍ നിന്ന്‌
കൈവെള്ളയ്ക്കുള്ളിലൊതുക്കി
ഞാനൊരിന്ദ്രജാലക്കാരനായപ്പോള്‍
കൈത്തണ്ടയില്‍ നുള്ളി
അവളെനിക്കൊരു സമ്മാനം തന്നു..

റേഷന്‍ കടയ്ക്കപ്പുറം
അച്യുതന്‍ മാഷിണ്റ്റെ വീട്ടുവേലിക്കല്‍
കാത്തു നില്‍ക്കുമ്പോള്‍
ചുവന്നു തുടുത്ത ഹൃദയം
ചെമ്പരത്തിയിലിരുന്ന്‌
എന്നെ കളിയാക്കുന്നു..

കിതച്ചോടി തിരിച്ചെത്തുമ്പോള്‍
അവളുടെ മൂക്കിന്‍ തുമ്പത്തെ
വിയര്‍പ്പു മുത്തിനോടെനിക്ക്‌
കൊതിക്കെറുവ്‌..

കവുങ്ങിന്‍ തോപ്പ്‌
മുറിച്ചു കടക്കുമ്പോള്‍
പതുങ്ങി വരുന്ന ഇരുട്ടിനെ ഭയപ്പെടുത്താന്‍
അവളെന്നോട്‌ ഉറക്കെ സംസാരിക്കുന്നു..

കൈത്തണ്ടയില്‍
തളര്‍ന്നുറങ്ങുന്ന ഭാര്യ
അവളുടെ സംസാരം കേട്ട്‌
ഉണരുമോ എന്ന്‌ ഞാന്‍ ഭയക്കുന്നു...
കാപ്പി മരങ്ങള്‍ പൂത്ത രാത്രിയിലേക്ക്‌
നിലാവിനൊപ്പം
ഞാനവളെ യാത്രയാക്കുന്നു..

നീ പിണങ്ങിപ്പോകുമ്പോള്‍ മാത്രം
അവള്‍ വിരുന്നുകാരിയാവുന്നു.

Monday, December 17, 2007

മുടിത്തോറ്റം

മുറിച്ചു കളഞ്ഞു;
ചില ബന്ധങ്ങള്‍ പോലെ
എന്നിട്ടും
കാച്ച്യെണ്ണയുടെ മണം
അവിടെ തങ്ങി നിന്നു.

ജീവന്‍ പോകാത്ത
ഒരു തുളസിക്കതിര്‍
അപ്പോഴും
നെഞ്ചോടു ചേര്‍ന്നു കിടന്നു.

മുത്തശ്ശിയുടെ
വിറയാര്‍ന്ന വിരലുകള്‍
ഇഴകളിലൂടെ
ഓടി നടക്കുന്നതു പോലെ തോന്നി

വേദനിച്ചില്ല;
ജീവന്റെ തന്ത്രികള്‍
‍ആയിരങ്ങളായി മുറിച്ച്
മൂലയിലേക്കെറിഞ്ഞപ്പൊഴും.

അമ്പലത്തിന്റെ
ചുറ്റുമതിലിനോടു ചേര്‍ന്നു നിന്ന
ചെമ്പകത്തിലെ
വായ് നോക്കിപ്പൂവുകളെ
ഇപ്പോള്‍ കണ്ടാലും
ഗമ കാണിച്ചേനെ.

കണ്ണു നിറഞ്ഞതു പക്ഷേ,
കറങ്ങുന്ന കസേരയിലെ
പരിചയമില്ലാത്ത
രൂപം കണ്ടപ്പോള്‍.

തുടച്ചെടുക്കും,
ഇനി മുഖം പോലും..
പഴയതൊന്നും
അവശേഷിപ്പിക്കാതെ.


കണ്‍പീലികള്‍,
കവിള്‍ത്തടം, കരുണ,
കീഴ്ചുണ്ടുകള്‍, നഖമുന, നാണം...
എല്ലാം അളന്നു മുറിച്ച്

പുറം തിരിഞ്ഞു നോക്കുമ്പോള്‍
‍പടിഞ്ഞാറ്റയിലെ
കുഞ്ഞു കണ്ണാടിയില്‍
ഇപ്പോഴുമുണ്ട്,
മനു അണിയിച്ച
റോസാപ്പൂവിനൊപ്പം
നിതംബത്തോടു ചേര്‍ന്ന്
രാജ്ഞിയെപ്പോലെ....

ചവിട്ടി ഞെരിച്ച്
ആരോ പുറത്തേക്കു പോയി.

തൂത്തുവാരി
വെയ്സ്റ്റ് ബാഗിലാക്കിക്കഴിഞ്ഞിരുന്നു
അപ്പൊഴേക്കും;
ഒരോര്‍മ്മ
പൂര്‍ത്തിയാക്കാന്‍ പോലും
സമ്മതിക്കാതെ.

Wednesday, May 16, 2007

ഒരു സാമ്രാജ്യം അസ്തമിക്കുന്നു

അധികാര ഭ്രഷ്ടനായ രാജാവ്‌
വേഷപ്രച്ഛന്നനായി
തണ്റ്റെ രാജ്യം
സന്ദര്‍ശിക്കും പോലെ
വീണ്ടും ഞാനവളെ കണ്ടു മുട്ടുന്നു

ഭിന്നിച്ചു പോയ ഒരു ദ്വീപ്‌
മാതൃഖണ്ഡത്തോട്‌മുഖാമുഖം.

ഇടയില്‍ കടല്‍ നീല
തിരയില്‍ തീരാവ്യഥ

കണ്‍കളില്‍ ഭയത്തിണ്റ്റെ ഫണം,
കാതില്‍
ഉരുക്കിയൊഴിച്ച
ബാധിര്യത്തിന്‍ ഈയ്യക്കൂട്ട്‌

ചുറ്റിനില്‍ക്കുന്നൂ
കണങ്കാലിലായ്‌ വെള്ളിക്കെട്ടന്‍;
പിറന്നാള്‍ സമ്മാനം നീ-
അഴിച്ചോരടയാളം..

മുറിവാണല്ലോ
വിജയത്തിണ്റ്റെ
കൊടിപ്പടം
ഉള്ളിലെ ചെക്കിപ്പൂക്കള്‍
ഉടുപ്പില്‍ പുഷ്പ്പിക്കുന്നു

ഉദരം ഉദാരമായ്‌ സ്പന്ദിക്കുന്നു;
അടുത്ത കിരീടത്തിന്‍
ഉടയോന്‍

അറിയേണ്ടെന്നെ പക്ഷേ,
ഒരു പുഞ്ചിരിയാലീ
കയ്യിലെ ഭിക്ഷാപാത്രം
നിറയ്ക്കൂ പണ്ടേപ്പോലെ

നിലാവടരുന്നു
ഒരു സാമ്രാജ്യം അസ്തമിക്കുന്നു