Monday, August 23, 2010

പട്ടടയില്‍...

പിടയുമോര്‍മ്മയില്‍
പിന്നെയും വന്നെന്റെ
പിഴകളെന്നെ
ചിതയിലേറ്റുന്നു

നഗര ചത്വരം
നരക നീരിന്റെ
സ്ഫടിക പാത്രം
നിറച്ചു വെക്കുന്നു

പ്രണയ സ്മരണയില്‍
കാളകൂടത്തിന്റെ
കരിനിഴല്‍ തിള-
ച്ചാവിയാകുന്നു

വരിക മരണമേ
അമ്മതന്‍ കണ്ണീര്‍
മഴ നനഞ്ഞു
നീ കെട്ടുപോകാതെ

'ചെക്കു'കള്‍ ചതി-
പ്പൂട്ടുമായെന്റെ
സ്വപ്ന സിംഹാസനം
തകര്‍ത്തല്ലോ

സ്വത്വ ബോധം
സ്വപത്നിയുമെല്ലാം
കൌരവര്‍ക്കു
പണയമയല്ലോ

ഗണിത സൂത്ര-
പ്പടപ്പാളയങ്ങളില്‍
വാണിഭച്ചിരി-
ചാപം കുലച്ചും

ദുരയുമാര്തിയും
ദുര്ന്നിമിത്തങ്ങളും
ശതശരം ശയ്യ
നീട്ടി വിരിച്ചും

പട്ടടയ്ക്ക് തീ-
വെക്കുന്നു കാലം
പത്തി താഴ്ത്തി-
ക്കിടക്കുന്നു ഞാനും