Monday, December 17, 2007

മുടിത്തോറ്റം

മുറിച്ചു കളഞ്ഞു;
ചില ബന്ധങ്ങള്‍ പോലെ
എന്നിട്ടും
കാച്ച്യെണ്ണയുടെ മണം
അവിടെ തങ്ങി നിന്നു.

ജീവന്‍ പോകാത്ത
ഒരു തുളസിക്കതിര്‍
അപ്പോഴും
നെഞ്ചോടു ചേര്‍ന്നു കിടന്നു.

മുത്തശ്ശിയുടെ
വിറയാര്‍ന്ന വിരലുകള്‍
ഇഴകളിലൂടെ
ഓടി നടക്കുന്നതു പോലെ തോന്നി

വേദനിച്ചില്ല;
ജീവന്റെ തന്ത്രികള്‍
‍ആയിരങ്ങളായി മുറിച്ച്
മൂലയിലേക്കെറിഞ്ഞപ്പൊഴും.

അമ്പലത്തിന്റെ
ചുറ്റുമതിലിനോടു ചേര്‍ന്നു നിന്ന
ചെമ്പകത്തിലെ
വായ് നോക്കിപ്പൂവുകളെ
ഇപ്പോള്‍ കണ്ടാലും
ഗമ കാണിച്ചേനെ.

കണ്ണു നിറഞ്ഞതു പക്ഷേ,
കറങ്ങുന്ന കസേരയിലെ
പരിചയമില്ലാത്ത
രൂപം കണ്ടപ്പോള്‍.

തുടച്ചെടുക്കും,
ഇനി മുഖം പോലും..
പഴയതൊന്നും
അവശേഷിപ്പിക്കാതെ.


കണ്‍പീലികള്‍,
കവിള്‍ത്തടം, കരുണ,
കീഴ്ചുണ്ടുകള്‍, നഖമുന, നാണം...
എല്ലാം അളന്നു മുറിച്ച്

പുറം തിരിഞ്ഞു നോക്കുമ്പോള്‍
‍പടിഞ്ഞാറ്റയിലെ
കുഞ്ഞു കണ്ണാടിയില്‍
ഇപ്പോഴുമുണ്ട്,
മനു അണിയിച്ച
റോസാപ്പൂവിനൊപ്പം
നിതംബത്തോടു ചേര്‍ന്ന്
രാജ്ഞിയെപ്പോലെ....

ചവിട്ടി ഞെരിച്ച്
ആരോ പുറത്തേക്കു പോയി.

തൂത്തുവാരി
വെയ്സ്റ്റ് ബാഗിലാക്കിക്കഴിഞ്ഞിരുന്നു
അപ്പൊഴേക്കും;
ഒരോര്‍മ്മ
പൂര്‍ത്തിയാക്കാന്‍ പോലും
സമ്മതിക്കാതെ.

8 comments:

ശ്രീലാല്‍ said...

പുത്തലത്തേ, ആദ്യമായി ഇന്നു വായിക്കുന്നു. വളരെ സന്തോഷം. രൂപം മാറുമ്പോഴും മാറേണ്ടിവരുമ്പോഴുമുള്ള ഒറ്റപ്പെടല്‍, ഉള്ളിന്റെ ഉള്ളിലെ നോവ്.

ഇഷ്ടമായി.

കണ്ണൂരാന്‍ - KANNURAN said...

കുറെക്കാലമായല്ലൊ വിനോദിന്റെ കണ്ടിട്ട്.. കവിത നന്നായിട്ടുണ്ട്..

നന്ദു said...

വിനോദ്, നല്ല കവിത. :)
വിനോദ്, എത്ര ചവിട്ടിയരച്ചെറിഞ്ഞാലും
അത്രയെളുപ്പം തുടച്ചെടുക്കാന്‍ കഴിയുമോ ആ നഖമുനപ്പാടുകള്‍?
ഹൃദയത്തില്‍ പറ്റിപ്പിടിച്ച ആ തുളസിക്കതിര്‍ വിശുദ്ധിയോടെ അവിടെത്തന്നെ കിടന്നോട്ടേ!!
-നന്ദു

നന്ദു said...
This comment has been removed by the author.
പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പ്രിയപ്പെട്ട അനിയാ,

ഈ കവിത എന്നെ സന്തോഷിപ്പിക്കുന്നു... കവിതയിലെ ലോകം വിഷാദഭരിതമെങ്കിലും.

"ഒരു ക്യാമറയാല്‍ സൃഷ്ടിക്കപ്പെട്ട ദൃശ്യങ്ങള്‍ പോലെ..." എന്ന്‌ വേണമെങ്കില്‍ പറയാം. വിനോദിന്റെ കവിത വളര്‍ച്ചയുടെ പാതയിലാണെന്ന്‌ ഞാന്‍ പറയും. പക്വതയും ഏറിയിട്ടുണ്ട്‌.


പി. ശിവപ്രസാദ്‌

ak47urs said...

nalla kavitha vinod,,pinne waste bag prayogam vendiyirunnilla,, chavattu kotta mathiyayirunnu ennu enikku thonni,

Ranjith chemmad / ചെമ്മാടൻ said...

താങ്കളുടെതന്നെ ഭാഷയില്‍ പറഞ്ഞാല്‍
"പ്രണയത്തിന്റെ നിലാവടര്‍ന്ന വരികള്‍"
ആസ്വദിച്ചു.

Sanal Kumar Sasidharan said...

ഡിസംബറിനു ശേഷം കലണ്ടറിൽ കടലാസുകളില്ലാതായോ..